ടോക്കിയോ: ഒരു ജാപ്പനീസ് മാംഗ ആര്‍ട്ടിസ്ററിന്‍റെ പ്രവചനത്തിന്‍റെ കുരുക്കിലാണ് ജപ്പാനും ചൈനയും തായ്വാനുമൊക്കെ. ജാപ്പനീസ് ബാബാ വാംഗ എന്നറിയപ്പെടുന്ന റിയോ തത്സുകിയുടെ പ്രവചനമാണ് മേഖലയിലാകെ ഭീതിയും ആശയക്കുഴപ്പവും ഉണ്ടാക്കിയത്. ഈ വര്‍ഷം ജൂലൈ അഞ്ചിനു പുലര്‍ച്ചെ 4.18ന് വലിയൊരു പ്രകൃതി ദുരന്തം സംഭവിക്കുമെന്നാണ് റിയോ തത്സുകിയുടെ പ്രവചനം.
കൊവിഡ് വ്യാപനവും 2011ലെ സുനാമിയുമൊക്കെ നേരത്തെ തത്സുകി പ്രവചിച്ചിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്. ഇവരുടെ ഫ്യൂച്ചര്‍ ഐ സോ എന്ന കൃതിയിലൂടെയാണ് ഇത്തരം പ്രവചനങ്ങള്‍ നടത്താറ്. 2011ലെ ഭൂകമ്പവും അതേത്തുടര്‍ന്നുണ്ടായ സുനാമിയും ഇവരുടെ കൃതിയുടെ കവര്‍ പേജില്‍ തന്നെ രേഖപ്പെടുത്തിയിരുന്നു. അതില്‍ പറയുന്ന ദിവസം തന്നെ, അവര്‍ അതില്‍ വിശദീകരിച്ച പോലെ തന്നെ ദുരന്തമുണ്ടായി.
1999ല്‍ പ്രിന്‍റ് ചെയ്ത ഈ പുസ്തകത്തില്‍ പറഞ്ഞ പ്രകാരം 2011ല്‍ സുനാമി ഉണ്ടായതിനു ശേഷം ഈ കൃതി ജപ്പാനില്‍ ചൂടപ്പം പോലെ വിറ്റു പോയി. തത്സുകി കാണുന്ന സ്വപ്നങ്ങളെ ആധാരമാക്കി അവരെഴുതിയ പുസ്തകമാണിത്. ഇതില്‍ അവര്‍ പലപ്പോഴായി കണ്ട സ്വപ്നങ്ങളാണ് ഉള്ളത്. അതിന്‍റെ കവര്‍ പേജില്‍ പറഞ്ഞ 2011ലെ ദുരന്തം മുതല്‍ പതിനഞ്ചോളം സ്വപ്നങ്ങളെപ്പറ്റി അവര്‍ എഴുതി. അതില്‍ പതിമൂന്നും സംഭവിച്ചതായാണ് ആരാധകരുടെ പക്ഷം.
ഡയാന രാജകുമാരിയുടെ ദാരുണമായ അന്ത്യം, കോവിഡ് വ്യാപനം എന്നിവയെല്ലാം ഈ പുസ്തകത്തില്‍ അവര്‍ എഴുതിയിരുന്നത്രെ. ശാസ്ത്രീയമായ അടിത്തറകളൊന്നുമില്ലെങ്കിലും ഇന്‍റര്‍നെറ്റില്‍ ജൂലൈ അഞ്ചിനു നടക്കാന്‍ പോകുന്ന ദുരന്തത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ജപ്പാനിലെങ്ങും ശക്തി പ്രാപിച്ചിരിക്കുകയാണ്. ഭയചകിതരായ ജനങ്ങള്‍ ഇപ്പോള്‍ ജപ്പാന്‍, തായ് വാന്‍, ഹോങ്കോങ് തുടങ്ങി ജപ്പാനും ചൈനയ്ക്കുമിടയില്‍ ഉള്ള യാത്രകളെല്ലാം ഒഴിവാക്കിയിരിക്കുകയാണ്. അന്നേ ദിവസം ബുക്ക് ചെയ്തിരുന്ന പല യാത്രകളും റദ്ദാക്കപ്പെട്ടതോടെ ഇരു രാജ്യങ്ങളിലെയും വിനോദ സഞ്ചാര മേഖലയെ ഈ പ്രവചനം സാരമായി ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ജപ്പാന്‍കാരെ ഭീതിപ്പെടുത്തുന്ന തത്സുകി പ്രവചനം ഇതാണ്: ജപ്പാനും ഫിലിപ്പീന്‍സിനും ഇടയില്‍ കടല്‍ തിളച്ചു മറിയും. ഇത് 2025 ജൂലൈ അഞ്ചിനു പുലര്‍ച്ചെ 4.18 ന് സംഭവിക്കുമെന്നാണ് ബുക്കിലുള്ളത്. ഇതിനെ പല തരത്തില്‍ വ്യാഖ്യാനിക്കുന്നു. ഭൗമാന്തര്‍ ഭാഗത്തു നിന്നുള്ള ലാവ പ്രവാഹമായും അതൊരു വലിയ ഭൂകമ്പ സൂചനയായും അതുമല്ല, കടല്‍ തിളച്ചു മറിയണമെങ്കില്‍ അതൊരു വലിയ ഭൂകമ്പവും അതിനെത്തുടര്‍ന്നുണ്ടാകുന്ന സുനാമിയുടെയും സൂചനയാണെന്നും വ്യാഖ്യാനങ്ങളുണ്ടായതോടെ കാര്യങ്ങള്‍ കൈവിട്ടു. ഇതിനെക്കുറിച്ചുള്ള ഹാഷ് ടാഗുകളാല്‍ സോഷ്യല്‍ മീഡിയ നിറഞ്ഞതോടെ ജപ്പാന്‍ കാര്‍ വല്ലാതെ പേടിച്ചു. ഇപ്പോള്‍ എണ്‍പതു ശതമാനവും യാത്രകള്‍ റദ്ദാക്കിയ അവസ്ഥയിലാണ് ജപ്പാന്‍ ജനത.

Comments: